പേരാമംഗലം: തോളൂരിൽ വീട് കുത്തിത്തുറന്ന് 47 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും പോലീസിന്റെ പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ പട്ടിക്കാട് പാണഞ്ചേരി സ്വദേശി കൽക്കി സന്തോഷിനെ (44) യാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളികളായ മണലൂർ സ്വദേശി എങ്ങണ്ടി വീട്ടിൽ സജിത (46), കോതപറന്പ് ശ്രീനാരായണപുരം സ്വദേശി കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരും പിടിയിലായി. പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന സക്കീറിന്റെ വീട്ടിൽ ഈ മാസം ഇരുപതിനാണു മോഷണം നടന്നത്. മകളുടെ കല്യാണ ആവശ്യങ്ങൾക്കും മറ്റുമായി സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത് കവർന്നത്.
വീട്ടുടമ പുലർച്ചെ ഒന്നോടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്നു പിടികൂടിയത്.
കൽക്കി എന്നറിയപ്പെടുന്ന സന്തോഷ് ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണ്. കർണാടകയിലെ സ്വർണക്കവർച്ച കേസിലും ഇയാൾക്ക് ബന്ധമുണ്ട്. ആർഭാടജീവിതത്തിനായാണ് ഇയാൾ മോഷണം നടത്തുന്നത്. മോഷ്ടിച്ച മുതൽ വിൽക്കാൻ സഹായിക്കുന്നവരാണ് ഇയാൾക്കൊപ്പം പിടിയിലായ സ്ത്രീകൾ. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.